February 4, 2008

ഉത്ഘാടന മഹാസാഹസം

എനിച്ചറിയാം‌, ഇതൊരു വന്‍ സാഹസമാണ്. ഒരു പക്ഷെ ഇതിലേക്ക് നയിച്ച 'അര'യുടെ 'ബഞ്ചി'യേക്കാള്‍‌ വലിയ സാഹസം‌.

Internship എന്നും പറഞ്ഞ് കമ്പനിയില്‍ അതൊഴിച്ച് ബാക്കി സകല കലാപരിപാടികളും സസന്തോഷം നിര്‍വഹിച്ച് കുരുപൊട്ടി ചുമ്മാ കുത്തിയിരിക്കുമ്പോളാണ് മാണിച്ചേട്ടന്‍ കൊടകരേടെ ലിങ്ക് തന്നത്. ഓര്‍ക്കുട്ടും ഗൂഗ്ലും വികിപീടികയും, പിന്നെ പോണ്ടിയും (Program fOr National Development of Youth, © - എന്റെ Seniors) മാത്രമേ നെറ്റിലുള്ളൂ എന്ന് നിനച്ചിരുന്ന എന്റെ കണ്ണ് തള്ളി. പിന്നെ അന്ന് തന്നെ കൊടകര അപ്പിടീം തീര്‍ത്തു. പിന്നെ അര, ബെര്‍ളി, സൂര്യഗായത്രി, കൊച്ചുത്രേസ്യ തുടങ്ങിയ പുപ്പുലികളെയും കണ്ടുപിടിച്ചു. അങ്ങനെ വായിച്ച് വായിച്ച് ഒരു ദിവസം എനിച്ചും ബ്ലോഗണം എന്ന അത്യാഗ്രഹം ഉണ്ടായി.

പണ്ട് ഇങ്ങനെ ഒരവേത്തിന്റെ പുറത്ത് ഞാന്‍ ഒരു ഡയറി വാങ്ങിയതാണ്. എഴുതാനിരുന്നപ്പോള്‍ അതിലും പണ്ട്, പത്താം ക്ലാസ്സിലെ മലയാളത്തിന്റെ ഉത്തരക്കടലാസ് കിട്ടിയ ദിവസം ഞാന്‍ നാറിയ നാറലോര്‍ക്കുകയും അതില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് അന്നുമുതല്‍ ആ ഡയറി, കൊടുക്കാനുള്ള കാശിന്റെ കണക്ക് എഴുതി സൂക്ഷിക്കാന്‍ ഉപയോഗിക്കാമെന്നു തീരുമാനിക്കുകയും ചെയ്തു.

ഈ പറയണ പത്താം ക്ലാസ്സിലെ കേരള പാഠാവലി എനിച്ച് ജീവനായിരിന്നു. സര്‍ഗസംഗീതവും, ഭൂമിക്കൊരു ചരമഗീതവും, ഭാരതസ്ത്രീതന്‍ ഭാവശുദ്ധിയും ഒക്കെ സിനിമാപ്പാട്ട് പോലെ പലയാവര്‍ത്തി പാടിനടന്നിരുന്ന കാലം. ഗദ്യത്തില്‍ എന്റെ favorite ആ മഹാഭാരത്തിന്റെ പാഠമാണ്. ചുമ്മാ ഒരു ഫീലിനു വേണ്ടി ഒരായിരം തവണ അത് ഞാന്‍ വീട്ടുകാരെയും നാട്ടുകാരെയും കുരുപൊട്ടിച്ചുകൊണ്ടു വായിക്കുമായിരുന്നു.

പക്ഷെ എഴുത്താണ് പ്രശ്നം. ഇംഗ്ലീഷ് ആണേല്‍, നരസിംഗം മോഡലില്‍, മുമ്പോട്ട് വച്ച 'പേന' (പേനയില്‍ പതുക്കെ ഒരു അടി) ആ പേജ് കഴിയാതെ ഞാന്‍ മുകളിലേക്കെടുക്കുന്ന പ്രശ്നമില്ല. ചെറുപ്പത്തില്‍ Cursive Writing എഴുതിയ പന്നമോനും പബ്ലിക്‍ സ്കൂളിലെ ടീച്ചര്മാരും ചേര്‍ന്ന് ഒരു ഹിഡണ്‍ അജണ്ഡ പ്രകാരം നടപ്പിലാക്കിയ പരിഷ്ക്കാരതിന്റെ ഫലമാണ്. എന്തായാലും, ഭംഗി ഇല്ലേല്ലും ബാക്കി വിഷയങ്ങളൊക്കെയും സമയത്ത് എഴുതിത്തീര്‍ക്കാന്‍ പറ്റും. പക്ഷെ മലയാളം പെറുക്കി പെറുക്കി എഴുതിവരുമ്പോളേക്കും എല്ലാ പരൂക്ഷക്കും ഒടുക്കത്തെ ഉപന്യാസത്തിന് ക്റ്ത്യം ഒരു മിനിറ്റേ കിട്ടാറുള്ളൂ. വേഗത്തില്‍ എഴുതില്ലേലും വ്റ്ത്തി തീരെയില്ലായിരുന്നുവെന്നു സാരം.

എന്തായാലും, മഹാഭാരതം ആയിരുന്നു അത്തവണത്തെ ഉപന്യാസവിഷയം. അതുകൊണ്ടുതന്നെ അവസാന നിമിഷങ്ങളില്‍ ടീച്ചറുമായ് രണ്ടു സെറ്റ് വടം‌വലിയും കഴിഞ്ഞാണ് ഞാന്‍ പേപ്പര്‍ കൊടുക്കാന്‍ തയ്യാറായതു തന്നെ. പിന്നീട്, 'തകര്‍ത്തു' എന്നൊരു ഭാവത്തോടെ പേപ്പര്‍ വാങ്ങാന്‍ ചെന്ന ഞാന്‍ 'തകര്‍ന്നു' എന്ന ഭാവത്തോടെയാണു സീറ്റില്‍ തിരിച്ച് വന്നിരുന്നത്. എന്റെ പ്രിയപെട്ട ഉപന്യാസത്തിന്റെ ഒത്ത നടുക്ക് എന്നെ നോക്കി ചിരിക്കുന്ന ചോരക്കളത്തിലേക്ക് ചൂണ്ടി വിഷ്ണു സാര്‍ അലറി. "നീയെന്താ പുതിയ വാക്കുണ്ടാക്കി കളിക്ക്യാ ?" ഞാന്‍ നോക്കി. നിലത്ത് കിടന്നവരെ ആന ചവിട്ടി 'അരച്ചു' എന്നതിന് പകരം ആവേശം മൂത്തിട്ട്, നിലത്ത് കിടന്നവരെ ആന ചവിട്ടി 'പ്ലീച്ചീ' എന്നാണ് പേപ്പറില്‍. മലയാള ഭാഷക്ക് എന്റെ വക സംഭാവന. കഥ visualise ചെയ്ത് ആത്മാര്‍ത്ഥമായ് എഴുതിയപ്പോള്‍ പറ്റിയതാണ്. ആകെ നാറിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. അങ്ങനെ, ആരേലും കേള്‍ക്കാന്‍ ബാക്കിയുണ്ടോ എന്ന് ഒളികണ്ണിട്ട് നോക്കി സീറ്റിലേക്ക് നടക്കുമ്പോഴാണ് പുറകില്‍ നിന്നും ഒരു ഫിനീഷിന്‍ മൂവ്. "കൈയ്യക്ക്ഷരം കണ്ടേച്ചാലും മതി... കണ്ടവന്റെ വയറ്റീന്ന് പോവൂല്ലാ.."

കാലം കടന്നുപോയി. വിവരമുള്ളവന്മാര്‍ ഇളമൊഴിയും വരമൊഴിയും കണ്ടുപിടിച്ചു. എന്നാലൊരു പയറ്റും കൂടി ആകാമെന്ന് തോന്നി. അങ്ങനെ ഇന്ന് 'അയവെട്ടല്‍ കേന്ദ്രം' ഉത്ഘാടനം ചെയ്തു.